21.9 C
Saudi Arabia
Monday, March 9, 2026
spot_img

‘ലോകത്തിന് കാട്ടുനീതിയിലേക്ക് മടങ്ങിപ്പോകാനാകില്ല’; ഇറാന്റെ ഭരണമാറ്റ നീക്കങ്ങളെ എതിർത്ത് ചൈന

ബെയ്ജിങ്: ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള വിദേശ രാജ്യങ്ങളുടെ നീക്കങ്ങളെ ശക്തമായി എതിർത്ത് ചൈന. അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തിൽ ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങൾക്ക് ലോകജനതയുടെ പിന്തുണ ലഭിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മുന്നറിയിപ്പ് നൽകി. ബെയ്ജിങ്ങിൽ നടന്ന വാർഷിക സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കപ്പെടണമെന്നും പശ്ചിമേഷ്യയിലെ സംഘർഷം ഒഴിവാക്കാൻ സൈനിക നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും ചൈന ആവശ്യപ്പെട്ടു. “ലോകത്തിന് ഇനി കാട്ടുനീതിയിലേക്ക് (Jungle Law) മടങ്ങിപ്പോകാനാകില്ല,” എന്ന് അദ്ദേഹം തുറന്നടിച്ചു.

ബലപ്രയോഗത്തിലൂടെയോ സായുധ സംഘർഷത്തിലൂടെയോ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും അത് പുതിയ പ്രതിസന്ധികൾക്കും വിദ്വേഷത്തിനും മാത്രമേ വഴിവെക്കൂ എന്നും ചൈന വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ജനങ്ങളാണ് ആ മേഖലയുടെ യഥാർത്ഥ അധിപന്മാരെന്നും അവിടുത്തെ ഭരണകാര്യങ്ങൾ ആ രാജ്യങ്ങൾ സ്വതന്ത്രമായി തീരുമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അംഗീകരിക്കാനാവില്ല. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വധത്തിന് പിന്നാലെ, ഇറാനിലെ ജനങ്ങളോട് ഭരണം ഏറ്റെടുക്കാൻ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ കടുത്ത പ്രതികരണം.

ഇറാനിലെ ആണവ ഭീഷണി ഉയർത്തിക്കാട്ടിയാണ് യുഎസും ഇസ്രായേലും സൈനിക നീക്കത്തെ ന്യായീകരിക്കുന്നതെങ്കിലും അവരുടെ യഥാർത്ഥ ലക്ഷ്യം ഇറാനിലെ ഭരണമാറ്റമാണെന്ന് ചൈന കുറ്റപ്പെടുത്തി. സംഭാഷണത്തിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും മാത്രമേ നിലവിലെ അനിശ്ചിതത്വം പരിഹരിക്കാൻ സാധിക്കൂ. മേഖലയുടെ സുസ്ഥിരതക്കും സമാധാനത്തിനുമായി പശ്ചിമേഷ്യൻ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും വാങ് യീ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ഖമേനിയുടെ പിൻഗാമിയെ സംബന്ധിച്ച ചർച്ചകൾ ഇറാനിൽ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ ഈ നിർണ്ണായക ഇടപെടൽ.

 

Related Articles

- Advertisement -spot_img

Latest Articles