കെയ്‌റോ: ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക കടന്നുകയറ്റങ്ങളെയും അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ സൗദി അറേബ്യ പങ്കെടുത്തു. സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽ കരീം അൽ ഖുറൈജിയാണ് സൗദി സംഘത്തെ നയിച്ചത്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാന്റെ ഇടപെടലുകൾ വർധിക്കുന്നതിലും തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ അടുത്തിടെ നടന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിലും യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി.
അറബ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന് സംയുക്തമായ നീക്കം ആവശ്യമാണെന്ന് വലീദ് അൽ ഖുറൈജി യോഗത്തിൽ ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രകോപനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയും മറ്റ് അയൽരാജ്യങ്ങളും നേരിടുന്ന വെല്ലുവിളികൾ അറബ് ലോകത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയെ ബാധിക്കുന്നതാണെന്നും ഇതിനെതിരെ അറബ് ലീഗ് ഒറ്റക്കെട്ടായി നിൽക്കുമെന്നും യോഗം വിലയിരുത്തി.
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും എണ്ണക്കമ്പനികളെയും ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് അറബ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം തേടുമ്പോൾ തന്നെ, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അറബ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും യോഗം ഓർമ്മിപ്പിച്ചു.



