21.9 C
Saudi Arabia
Monday, March 9, 2026
spot_img

കിരീടം നിലനിർത്തി ഇന്ത്യ; ന്യൂസിലൻഡിനെ തകർത്ത് മൂന്നാം ടി20 ലോകകപ്പ്; സഞ്ജുവിനും സംഘത്തിനും ചരിത്രവിജയം!

അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ലോകചാമ്പ്യന്മാരായി. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായും മൂന്ന് തവണ കിരീടം നേടുന്ന ഏക ടീമായും ഇന്ത്യ ചരിത്രം കുറിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന പടുകൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി.

സഞ്ജു സാംസണിന്റെ അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്; വെറും 46 പന്തിൽ നിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവരും അർദ്ധ സെഞ്ച്വറികളോടെ മികച്ച പിന്തുണ നൽകി. ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അവസാന ഓവറുകളിൽ ശിവം ദുബെ നടത്തിയ വെടിക്കെട്ട് പ്രകടനം സ്കോർ 250 കടത്താൻ സഹായിച്ചു. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന സഞ്ജു സാംസൺ തന്നെയാണ് ടൂർണമെന്റിലെ താരമായി (Player of the Tournament) തിരഞ്ഞെടുക്കപ്പെട്ടത്.

മറുപടി ബാറ്റിങ്ങിൽ ജസ്പ്രീത് ബുംറയുടെ മാരകമായ ബൗളിങ് പ്രകടനത്തിന് മുന്നിൽ കിവികൾക്ക് മറുപടിയുണ്ടായിരുന്നില്ല. 4 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ ഫൈനലിലെ താരമായി (Player of the Match) തിരഞ്ഞെടുക്കപ്പെട്ടു. അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പിന്തുണ നൽകി. സ്വന്തം മണ്ണിൽ വെച്ച് കിരീടം നേടുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഈ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു. വിജയത്തിന് പിന്നാലെ രാജ്യമെങ്ങും വൻ ആഘോഷങ്ങളാണ് നടക്കുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles