ബെയ്റൂത്ത്: ദക്ഷിണ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം മാരകമായ വെള്ള ഫോസ്ഫറസ് പ്രയോഗിച്ചതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച്. ഈ മാസം ആദ്യം നടന്ന ഈ സൈനിക നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സംഘടന തങ്ങളുടെ പുതിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മാർച്ച് മൂന്നിന് ദക്ഷിണ ലെബനനിലെ യോഹ്‌മോർ എന്ന ഗ്രാമത്തിന് മുകളിൽ ഇസ്രായേൽ വെള്ള ഫോസ്ഫറസ് പ്രയോഗിക്കുന്നതിന്റെ ഏഴ് ചിത്രങ്ങൾ തങ്ങൾ പരിശോധിച്ചതായും അവ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചതായും ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി. ഈ ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ രണ്ട് വീടുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിശക്തമായി കത്തുന്ന വെള്ള ഫോസ്ഫറസ്, കെട്ടിടങ്ങൾക്ക് തീപിടിക്കാനും മനുഷ്യശരീരത്തിൽ മാരകമായ പൊള്ളലുകൾ ഉണ്ടാക്കാനും കാരണമാകുന്നവയാണ്.
ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നിയമവിരുദ്ധമായ ഇത്തരം പ്രയോഗങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ ലെബനൻ ഗവേഷകൻ റംസി ഖൈസ് പറഞ്ഞു. ഇത് സാധാരണക്കാർക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ള ഫോസ്ഫറസ് മൂലമുണ്ടാകുന്ന പരിക്കുകൾ മിക്കപ്പോഴും മരണത്തിലേക്കോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന കഠിനമായ ദുരിതത്തിലേക്കോ ആണ് നയിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുണ്ടായിരിക്കെ, ഇസ്രായേലിന്റെ ഈ നടപടി വലിയ പ്രതിഷേധങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.



