20.9 C
Saudi Arabia
Tuesday, March 10, 2026
spot_img

സ്വകാര്യ ബസുകൾ ലാഭത്തിലാകുമ്പോൾ കെഎസ്ആർടിസിക്ക് മാത്രം എന്തുകൊണ്ട് നഷ്ടം? കടുത്ത ചോദ്യങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ പൊതുഗതാഗത രംഗത്തെ പ്രതിസന്ധികളിൽ സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കുമെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീം കോടതി. ഒരേ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ലാഭകരമായി മുന്നോട്ട് പോകുമ്പോൾ കെഎസ്ആർടിസി മാത്രം എന്തുകൊണ്ടാണ് വൻ സാമ്പത്തിക നഷ്ടം നേരിടുന്നതെന്ന് കോടതി ചോദിച്ചു. കെഎസ്ആർടിസി ലാഭത്തിലാണെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനകളെ പരാമർശിച്ച കോടതി, സ്ഥാപനം ലാഭത്തിലാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ വൈകുന്നതെന്നും ആരാഞ്ഞു. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

വിരമിച്ച വെഹിക്കിൾ ഇൻസ്പെക്ടർ പ്രദീപ് നായർ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. പിഎഫ് തുകയും പെൻഷൻ ആനുകൂല്യങ്ങളും ജീവനക്കാരുടെ അവകാശമാണെന്നും അത് സ്ഥാപനം നൽകുന്ന ദാനമല്ലെന്നും കോടതി കർശനമായി ഓർമ്മിപ്പിച്ചു. പെൻഷൻ വിതരണത്തിൽ കൃത്യമായ മുൻഗണനാക്രമം (സീനിയോറിറ്റി) പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നിലവിൽ പെൻഷനുമായി ബന്ധപ്പെട്ട നിരവധി കേസുകൾ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണ്.

അതേസമയം, കെഎസ്ആർടിസി ലാഭം മാത്രം ലക്ഷ്യമിട്ടല്ല പ്രവർത്തിക്കുന്നതെന്ന് സ്ഥാപനത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. കളക്ഷൻ കുറവാണെങ്കിലും പൊതുജനതാൽപര്യം മുൻനിർത്തി പല ഉൾനാടൻ ഗ്രാമീണ മേഖലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ടെന്നും അഭിഭാഷകരായ അബിദ് അലി ബീരാൻ, പ്രണവ് കൃഷ്ണ എന്നിവർ വാദിച്ചു. എന്നാൽ, ഇത്രയും വലിയ സാമ്പത്തിക ബാധ്യത സഹിച്ച് എന്തിനാണ് സ്ഥാപനം ഇത്തരത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന ചോദ്യം കോടതി ആവർത്തിച്ചു. വിഷയത്തിൽ കോടതിയുടെ അടുത്ത നീക്കങ്ങൾ കെഎസ്ആർടിസിക്കും സർക്കാരിനും നിർണ്ണായകമാകും.

 

Related Articles

- Advertisement -spot_img

Latest Articles