ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകൾ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതായി ആം ആദ്മി പാർട്ടി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തിലെ പാളിച്ചകൾ ഇന്ത്യയിൽ കടുത്ത പാചകവാതക ക്ഷാമത്തിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എക്കാലവും പുലർത്തിപ്പോന്നിരുന്ന ചേരിചേരാ നയം മോദി സർക്കാർ തകർത്തു. അനാവശ്യമായി ഇസ്രായേലിനോടും അമേരിക്കയോടും പക്ഷം ചേരുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. യുദ്ധം തുടങ്ങുന്നതിന് മുൻപ് മോദി എന്തിനാണ് ഇസ്രായേൽ സന്ദർശിച്ചതെന്നും ബെഞ്ചമിൻ നെതന്യാഹുവിനെ എന്തിനാണ് ആലിംഗനം ചെയ്തതെന്നും കെജ്‌രിവാൾ ചോദിച്ചു. മോദിയുടെ ഇത്തരം ‘കുതന്ത്ര നിലപാടുകൾ’ കാരണമാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എൽ.പി.ജിയുടെ 90 ശതമാനവും വരുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. എന്നാൽ ഇറാനുമായി സൗഹൃദമുള്ള രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ ഇപ്പോൾ അവിടെക്കൂടി കടത്തിവിടുന്നുള്ളൂ. ഇസ്രായേൽ പക്ഷം പിടിച്ചതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 90 ശതമാനവും നിലച്ചു. ഇത് രാജ്യത്ത് വലിയ ഇന്ധന പ്രതിസന്ധിക്ക് വഴിവെച്ചു. മോദി ഡൊണാൾഡ് ട്രംപിന്റെ അടിമയായി മാറിയെന്നും പരാജയപ്പെട്ട പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും കെജ്‌രിവാൾ വിമർശിച്ചു.



