20.9 C
Saudi Arabia
Wednesday, March 11, 2026
spot_img

“അവനിൽ എനിക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നു”; സഞ്ജുവിന്റെ ലോകകപ്പ് പ്രകടനത്തെ പ്രശംസിച്ച് ഗൗതം ഗംഭീർ

ന്യൂഡൽഹി: 2026 ടി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിന്റെ കഴിവിൽ തനിക്ക് എന്നും ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും വരും കാലങ്ങളിൽ ടീം ഇന്ത്യക്കായി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാൻ സഞ്ജുവിന് സാധിക്കുമെന്നും ഗംഭീർ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ സഞ്ജുവിനെ പിന്തുണച്ചതിനെക്കുറിച്ച് സംസാരിച്ചത്.

ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജുവിന് തിളങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അത് വെറുമൊരു മോശം സമയമായിരുന്നുവെന്നും ഏത് മികച്ച താരത്തിനും അത്തരമൊരു ഘട്ടമുണ്ടാകാമെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. “സഞ്ജുവിൽ നിന്ന് ടീമിന് ഇനിയും ഒരുപാട് കാര്യങ്ങൾ ലഭിക്കാനുണ്ട്. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് വിശ്രമം നൽകിയത് മാനസികമായി ഒന്ന് ഫ്രഷ് ആയി തിരികെ വരാൻ വേണ്ടിയായിരുന്നു. ടീമിലേക്ക് തിരിച്ചെത്തിയാൽ സഞ്ജു മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു,” ഗംഭീർ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു നേടിയ 97 റൺസാണ് ടൂർണമെന്റിലെ തന്നെ വഴിത്തിരിവായതെന്ന് ഗംഭീർ വിലയിരുത്തി. സെമി ഫൈനലിലും ഫൈനലിലും സഞ്ജു കാഴ്ചവെച്ച അർദ്ധ സെഞ്ച്വറികൾ ഇന്ത്യയെ ചരിത്രപരമായ വിജയത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ലോകകപ്പിലെ തന്റെ റൺവേട്ടയിലൂടെ തനിക്കെതിരെ ഉയർന്ന വിമർശകരുടെ വായടപ്പിക്കുകയും ചെയ്തു. സഞ്ജുവിന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമാണിതെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles