ന്യൂഡൽഹി: രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ കേന്ദ്രസർക്കാർ പുലർത്തുന്ന മൗനം പ്രതിഷേധാർഹമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ എം.പിമാർ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം മിക്കവാറും നിലച്ചതോടെ സാധാരണക്കാരായ ജനങ്ങളും വ്യാപാരികളും വലിയ ദുരിതത്തിലാണ്. പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടിയതായും ഇഫ്താർ വിരുന്നുകളെപ്പോലും ഇത് ബാധിച്ചു തുടങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽപിജി ഇറക്കുമതി തടസ്സപ്പെട്ടതാണ് നിലവിലെ സാഹചര്യത്തിന് പ്രധാന കാരണം. ഇന്ത്യയിലെ എൽപിജി ലഭ്യതയുടെ 62 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചിരിക്കെ, ആവശ്യമായ കരുതൽ ശേഖരം ഉറപ്പാക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയതായി ആരോപണമുണ്ട്. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ റീഫിൽ കാലാവധി 21 ദിവസത്തിൽ നിന്ന് 25 ആയി വർധിപ്പിക്കുകയും വിലയിൽ വർധനവ് വരുത്തുകയും ചെയ്തത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.



