തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ചൂരക്കാവ് ചെറുകുളമ്പ് മഹല്ലിൽ താമസിക്കുന്ന കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തബൂക്ക് ശിഫയിലായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തിന് അടുത്തുള്ള കടയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ‘മാഞ്ഞുപ്പ’ എന്ന പേരിൽ സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഹുസൈൻ തബൂക്കിലെ ബ്രോസ്റ്റ് അതയബ് താസജ് ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു.
പരേതനായ കളത്തിങ്ങൽ ഹംസയുടെ മകനാണ്. ആച്ചൂട്ടിയാണ് മാതാവ്. ഹിബ തസ്നീം ആണ് ഭാര്യ. നിലവിൽ മൃതദേഹം തബൂക്കിലെ കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഹുസൈന്റെ അപ്രതീക്ഷിത വിയോഗത്തിൽ തബൂക്കിലെ പ്രവാസി സമൂഹവും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.



