20.4 C
Saudi Arabia
Friday, March 20, 2026
spot_img

നാറ്റോ പേപ്പർ ടൈഗർ: ഇറാൻ യുദ്ധത്തിൽ പിന്തുണച്ചില്ല, സഖ്യകക്ഷികൾ ഭീരുക്കളെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സൈനിക നീക്കങ്ങളിൽ സഹകരിക്കാത്ത നാറ്റോ സഖ്യകക്ഷികളെ അതിരൂക്ഷമായ ഭാഷയിൽ വിർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം നാറ്റോ രാജ്യങ്ങളെ “ഭീരുക്കൾ” എന്ന് വിശേഷിപ്പിച്ചത്. അമേരിക്കയുടെ സഹായമില്ലാതെ നാറ്റോ വെറുമൊരു ‘പേപ്പർ ടൈഗർ’ മാത്രമാണെന്നും, ഈ വഞ്ചന രാജ്യം മറക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളിൽ പങ്കുചേരാതെ, എണ്ണവില വർദ്ധനവിനെക്കുറിച്ച് പരാതിപ്പെടുക മാത്രമാണ് സഖ്യകക്ഷികൾ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ നാറ്റോ വിമുഖത കാണിച്ചുവെന്ന് ട്രംപ് ആരോപിച്ചു. നിലവിൽ സൈനികമായി യുദ്ധം വിജയിച്ചുകഴിഞ്ഞ സാഹചര്യത്തിൽ, വളരെ കുറഞ്ഞ അപകടസാധ്യത മാത്രമുള്ള ഘട്ടത്തിലും ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ കപ്പലുകൾ അയക്കാൻ സഖ്യകക്ഷികൾ തയ്യാറാകുന്നില്ല. “ഭീരുക്കളേ, ഇത് ഞങ്ങൾ ഓർത്തു വെക്കും” എന്നായിരുന്നു ട്രംപിന്റെ താക്കീത്. യുക്രെയ്ൻ യുദ്ധത്തിൽ ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കാൻ അമേരിക്ക കോടിക്കണക്കിന് ഡോളർ ചിലവഴിച്ചു. എന്നാൽ അമേരിക്കയ്ക്ക് ആവശ്യമുള്ളപ്പോൾ ആരും കൂടെയില്ലെന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് തുടങ്ങിയ വ്യോമാക്രമണങ്ങൾ മൂന്നാഴ്ച പിന്നിടുമ്പോൾ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. എണ്ണവില ബാരലിന് 110 ഡോളറിന് മുകളിൽ എത്തിയതോടെ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിക്കുമ്പോഴും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള പ്രധാന നാറ്റോ രാജ്യങ്ങൾ യുദ്ധത്തിൽ നേരിട്ട് ഇടപെടാൻ വിമുഖത പ്രകടിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ ആവശ്യമെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

 

 

 

Related Articles

- Advertisement -spot_img

Latest Articles