ടെഹ്‌റാൻ: അമേരിക്കക്കും ഇസ്രായേലിനുമെതിരെ 70-ാമത് ഘട്ട പ്രത്യാക്രമണം പ്രഖ്യാപിച്ച് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ഗൾഫ് മേഖലയിലുടനീളമുള്ള 55-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ഐആർജിസി അറിയിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ വലിയ സ്ഫോടനങ്ങളും തീപിടുത്തവും ഉണ്ടായതായും ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായും ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് പുറമെ, ചരിത്രത്തിലാദ്യമായി ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിലുള്ള സംയുക്ത അമേരിക്കൻ-ബ്രിട്ടീഷ് സൈനിക ബേസിന് നേരെയും ഇറാൻ മിസൈലുകൾ തൊടുത്തു. ഇറാന്റെ പക്കൽ 4,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലുകൾ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. രണ്ട് മിസൈലുകളാണ് ഡീഗോ ഗാർഷ്യ ലക്ഷ്യമാക്കി വന്നതെന്നും എന്നാൽ ഇവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ അമേരിക്കൻ യുദ്ധക്കപ്പലുകൾ തകർത്തതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യ, കുവൈറ്റ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി അറിയിച്ചു. സൗദിയുടെ കിഴക്കൻ മേഖലയിൽ പത്തിലധികം ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലക്ക് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായും ഇതിനെത്തുടർന്ന് ചില യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവിനും സാധ്യതയുണ്ട്.



