18.4 C
Saudi Arabia
Monday, March 23, 2026
spot_img

ബെംഗളൂരുവിന് സമീപം സ്വകാര്യ ബസ് റെയിലിങ്ങിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. ബെംഗളൂരുവിന് 70 കിലോമീറ്റർ അകലെ ചന്നപട്ടണ പുട്ടപ്പനതൊടിയിൽ തിങ്കളാഴ്ച പുലർച്ചെ 4:10 ഓടെയാണ് സംഭവം. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സക്കീർ (27), ബെംഗളൂരുവിൽ താമസിക്കുന്ന റഫീസ് (45), റഷീദ് (45) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് എക്സ്പ്രസ് ഹൈവേയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ നിലവിൽ ചന്നപട്ടണ പബ്ലിക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബസിന്റെ മുൻവശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട വാഹനം റോഡരികിലെ റെയിലിങ്ങിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് രണ്ട് ജീവനക്കാരും 36 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് യാത്രക്കാരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയക്കുമെന്നും അധികൃതർ അറിയിച്ചു. ഉഗാദി, ചെറിയ പെരുന്നാൾ അവധി ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയവരായിരുന്നു ബസിലെ യാത്രക്കാരിൽ അധികവും. ചന്നപട്ടണ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles