18.4 C
Saudi Arabia
Monday, March 23, 2026
spot_img

‘വൈദ്യുതിയെ തൊട്ടാൽ ഞങ്ങൾ തിരിച്ചടിക്കും’; അമേരിക്കക്ക് കടുത്ത താക്കീതുമായി ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി കടുത്ത പ്രതിരോധ നടപടികളുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ഗൾഫ് മേഖലയിലെ ശുദ്ധജല പ്ലാന്റുകൾ  ഇറാൻ തകർക്കാൻ പോകുന്നു എന്ന അമേരിക്കയുടെ ആരോപണം തെറ്റാണെന്ന് ഐആർജിസി വ്യക്തമാക്കി. എന്നാൽ, ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇസ്രായേലിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് വൈദ്യുതി നൽകുന്ന മേഖലയിലെ മറ്റ് രാജ്യങ്ങളിലെയും പവർ പ്ലാന്റുകൾ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, അമേരിക്കൻ കമ്പനികൾക്ക് ഓഹരി പങ്കാളിത്തമുള്ള സാമ്പത്തിക, വ്യാവസായിക, ഊർജ്ജ കേന്ദ്രങ്ങളും തങ്ങളുടെ പരിധിയിലാണെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.

അമേരിക്കൻ സൈന്യം ഇറാന്റെ ആശുപത്രികളും വിദ്യാലയങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും ആക്രമിച്ചിട്ടും തങ്ങൾ ഇതുവരെ അത്തരം സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇറാൻ ചൂണ്ടിക്കാട്ടി. “നിങ്ങൾ ഞങ്ങളുടെ ആശുപത്രികൾ ആക്രമിച്ചു, ഞങ്ങൾ അത് ചെയ്തില്ല. നിങ്ങൾ ഞങ്ങളുടെ സ്കൂളുകൾ തകർത്തു, ഞങ്ങൾ അത് ചെയ്തില്ല. എന്നാൽ നിങ്ങൾ ഞങ്ങളുടെ വൈദ്യുതി വിതരണത്തെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ, ഞങ്ങളും വൈദ്യുതി നിലയങ്ങളെ തന്നെ ആക്രമിക്കും,” ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. അമേരിക്ക നൽകുന്ന ഏതൊരു ഭീഷണിക്കും അതേ അളവിലുള്ള പ്രതിരോധം (Deterrence) തീർക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഇറാൻ വ്യക്തമാക്കി.

അമേരിക്കയ്ക്ക് ഇറാന്റെ യഥാർത്ഥ സൈനിക ശേഷിയെക്കുറിച്ച് അറിവില്ലെന്നും അത് യുദ്ധക്കളത്തിൽ അവർക്ക് ബോധ്യപ്പെടുമെന്നും ഐആർജിസി കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, മേഖലയിൽ വൻ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, വൈദ്യുതി നിലയങ്ങൾ കൂടി ലക്ഷ്യമിടുന്നത് ഗൾഫ് രാജ്യങ്ങളിലെ ശുദ്ധജല വിതരണത്തെയും വാർത്താവിനിമയ സംവിധാനങ്ങളെയും ബാധിച്ചേക്കുമെന്ന് ആഗോള നിരീക്ഷകർ ആശങ്കപ്പെടുന്നു.

 

 

 

Related Articles

- Advertisement -spot_img

Latest Articles