24 C
Saudi Arabia
Monday, March 23, 2026
spot_img

ബഹ്‌റൈനിലെയും സൗദിയിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

മനാമ: പശ്ചിമേഷ്യൻ യുദ്ധം സങ്കീർണ്ണമായി തുടരുന്നതിനിടെ, സൗദി അറേബ്യയിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങളുടെ സൈന്യം അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ‘ഖാതമുൽ അൻബിയ’ ആസ്ഥാനത്തു നിന്നുള്ള വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ ഖർജിലുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിനും ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിന്റെ ആസ്ഥാനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെ നിരീക്ഷണ വിമാനങ്ങളും സേനാ വിന്യാസവും കേന്ദ്രീകരിച്ചിരിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായും ഇറാൻ അവകാശപ്പെടുന്നു.

അതേസമയം, ഇസ്രായേലിലെ ബെൻ ഗുരിയൻ എയർ ബേസിന് സമീപമുള്ള ‘സയണിസ്റ്റ് ഏറോസ്‌പേസ് ഇൻഡസ്ട്രീസ് സെന്റർ’ ലക്ഷ്യം വെച്ച് യമനിലെ ഹൂതി വിമതർ ‘ആരാഷ്-2’ ചാവേർ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഹൂതികളുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ അൽ മസീറയാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ ഈ അവകാശവാദങ്ങൾ അമേരിക്കയോ ഇസ്രായേലോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ നടന്ന ഈ ആക്രമണ പരമ്പരകൾ മേഖലയിൽ വൻ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖലയിലെ യുഎസ്-ഇസ്രായേൽ താല്പര്യങ്ങളെ നേരിട്ട് ലക്ഷ്യം വെക്കുന്ന രീതിയിലേക്ക് ഇറാന്റെ യുദ്ധതന്ത്രങ്ങൾ മാറിയിരിക്കുകയാണ്. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ രണ്ട് ഇറാനിയൻ ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ വിഭാഗം അറിയിച്ചു. യുദ്ധം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകളിൽ കനത്ത ജാഗ്രത തുടരുകയാണ്. സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കങ്ങളിൽ അയവ് വരാത്തത് പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആശങ്കയിലാക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles