27.6 C
Saudi Arabia
Monday, March 23, 2026
spot_img

പൊളിയുന്ന വോട്ട് ബാങ്ക് സിദ്ധാന്തം,ജമാഅത്തെ ഇസ്‌ലാമിയെ മുന്നണികൾ കൈവിടുന്നു.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുമ്പോഴും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിയും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയറും പൂർണ്ണമായും നിശബ്ദമാക്കപ്പെടുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഒരു വോട്ട് ബാങ്ക് എന്ന നിലയിൽ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ ഇവർക്ക് കഴിയില്ലെന്ന യാഥാർത്ഥ്യം പ്രമുഖ രാഷ്ട്രീയ മുന്നണികളെല്ലാം തിരിച്ചറിഞ്ഞതായാണ് സൂചന. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രമുഖ രാഷ്ട്രീയ നേതാക്കളാരും തന്നെ ഇത്തവണ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങൾക്ക് അമിത പ്രാധാന്യം നൽകിയില്ല എന്നത് സംഘടനയുടെ രാഷ്ട്രീയ അപ്രസക്തിയുടെ തെളിവായി മാറുന്നു.

കഴിഞ്ഞ പഞ്ചായത് ഇലക്ഷനിൽ യു.ഡി.എഫ് മുന്നണിയോട് ചേർന്ന് നിന്നിരുന്ന ജമാഅത്തെ ഇസ്‌ലാമിയെ ഇത്തവണ കോൺഗ്രസ് നേതൃത്വം പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ്. പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ പോലും അവർക്കായി നീക്കിവെക്കാത്തതിലൂടെ, ജമാഅത്തെ ഇസ്‌ലാമിക്ക് കേരള രാഷ്ട്രീയത്തിൽ വലിയ പങ്കൊന്നുമില്ലെന്ന കൃത്യമായ സന്ദേശമാണ് യു.ഡി.എഫ് നൽകുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഇവർക്ക് വലിയ സ്വാധീനമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസ് ഈ അകലം പാലിക്കൽ തന്ത്രം സ്വീകരിച്ചത്. മുൻ തിരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർത്ഥികൾ ഹിറാ സെന്റർ അടക്കമുള്ള ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് പതിവായിരുന്നുവെങ്കിലും ഇത്തവണ പ്രമുഖ നേതാക്കളെല്ലാം അത്തരം നീക്കങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ളവർ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുൻപ് ഉയർത്തിയിരുന്ന കടുത്ത വിമർശനങ്ങൾ ഒഴിവാക്കി മൃദുസമീപനം സ്വീകരിക്കുന്നത് സംഘടനയോടുള്ള താല്പര്യം കൊണ്ടല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യു.ഡി.എഫ് ക്യാമ്പിലെ ആശയക്കുഴപ്പങ്ങൾ മുതലെടുക്കാനുള്ള ഒരു തന്ത്രം മാത്രമായാണ് ഇതിനെ കാണുന്നത്. യു.ഡി.എഫ് അവരെ കൈവിടുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ വിടവ് ഉപയോഗപ്പെടുത്തി ആ മുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കുക എന്നതാണ് സി.പി.എം ലക്ഷ്യം വെക്കുന്നത്. അല്ലാതെ ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയമായ അംഗീകാരം നൽകാനോ അവരെ കൂടെക്കൂട്ടാനോ ഇടതുപക്ഷം ഉദ്ദേശിക്കുന്നില്ലന്നും വിലയിരുത്തപെടുന്നു.
അവരുടെ വോട്ടുകൾ കൊണ്ട് ഭരണം പിടിക്കാമെന്ന ധാരണയൊന്നും ഇടതുനേതൃത്വത്തിനില്ലെന്ന് അവരുടെ മുൻകാല നിലപാടുകൾ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടിരുന്ന പ്രവർത്തകരുടെ കഠിന പ്രയത്നം കൊണ്ടായിരുന്നു
തിരഞ്ഞെടുപ്പ് ചർച്ചകളിൽ ജമാഅത്തെ ഇസ്‌ലാമിക്കും വെൽഫെയർ പാർട്ടിക്കും അമിത പ്രാധാന്യം ലഭിച്ചിരുന്നത്. അത്തരം യജ്ഞങ്ങൾ പാഴ്‌വേലയാണെന്ന് തിരിച്ചറിഞ്ഞ പ്രവർത്തകരെ ഇപ്പോൾ അതിന് ലഭിക്കുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ് ജമാഅത്ത് പാളയത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.
കേരളത്തിലെ മൊത്തം വോട്ട് വിഹിതത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ഇവർക്ക് ജയപരാജയങ്ങൾ നിശ്ചയിക്കാനുള്ള ശേഷിയില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിഞ്ഞതായി പറയപ്പെടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വികസനവും രാഷ്ട്രീയ നയങ്ങളുമാണ് മുഖ്യ ചർച്ചാവിഷയങ്ങൾ. ആ സാഹചര്യത്തിൽ, ഇത്തരം ചെറിയ ഗ്രൂപ്പുകളെ രാഷ്ട്രീയമായി പ്രോത്സാഹിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന പ്രായോഗിക ബുദ്ധിയിലാണ് മുന്നണികൾ.

Related Articles

- Advertisement -spot_img

Latest Articles