കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുപ്രധാനമായ വൈദ്യുതി ഉൽപ്പാദന – ജല ശുദ്ധീകരണ പ്ലാന്റിന് (Desalination Plant) നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വൈകിയുണ്ടായ ഈ ആക്രമണത്തിൽ പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈറ്റ് വൈദ്യുതി-ജല മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. കൊല്ലപ്പെട്ട തൊഴിലാളിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവത്തെത്തുടർന്ന് പ്ലാന്റിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ അടിയന്തര സാങ്കേതിക സംഘത്തെ നിയോഗിച്ചതായും സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കുവൈറ്റ് പ്രതിരോധ സേന തകർത്തിരുന്നു. ഇതിനിടെയുണ്ടായ ഈ മിസൈൽ പതനം പ്രവാസി സമൂഹത്തിനിടയിൽ വലിയ പേടിയുണ്ടാക്കിയിട്ടുണ്ട്.
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ എട്ട് ഇന്ത്യൻ പൗരന്മാരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം യുഎഇയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മറ്റൊരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ ദിവസം നിരവധി ഡ്രോണുകളും മിസൈലുകളും തകർത്തു. പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു.



