ടെഹ്‌റാൻ: ഇറാന്റെ പ്രതിരോധ മേഖലയുടെ ഹൃദയഭാഗമായ ഇസ്ഫഹാൻ പ്രവിശ്യയിൽ അതിശക്തമായ ബോംബാക്രമണം നടന്നതായി റിപ്പോർട്ട്. പ്രവിശ്യയിലെ ചില സുപ്രധാന ‘സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഗവർണർ ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ അക്ബർ സാലിഹിയെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് സ്ഥിരീകരിച്ചു. എന്നാൽ ഏതെല്ലാം കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ആക്രമണത്തെ ത്തുടർന്നുണ്ടായ ആൾനാശത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ സൈനിക-പ്രതിരോധ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമാണ് ഇസ്ഫഹാൻ. പ്രശസ്തമായ നതാൻസ് ആണവനിലയം ഉൾപ്പെടെയുള്ള നിർണ്ണായക കേന്ദ്രങ്ങൾ ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, ബദർ എയർബേസ്, എട്ടാമത് ശെഖാരി എയർബേസ്, നാലാമത് വ്യോമസേനാ താവളം തുടങ്ങി ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങളും ഇസ്ഫഹാനിലുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.



