ഹോർമുസിൽ ഇനി അമേരിക്കൻ കാവലില്ല; സ്വന്തം എണ്ണക്കപ്പലുകൾക്ക് സഖ്യരാജ്യങ്ങൾ തന്നെ സുരക്ഷയൊരുക്കണമെന്ന് ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം സങ്കീർണ്ണമായി തുടരുന്നതിനിടെ, ലോകത്തെ പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തിന് ഇനി അമേരിക്കൻ സൈന്യത്തിന്റെ സംരക്ഷണം പ്രതീക്ഷിക്കേണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യരാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. സഖ്യരാജ്യങ്ങൾ തങ്ങളുടെ എണ്ണക്കപ്പലുകളുടെ സുരക്ഷ സ്വന്തം നിലയിൽ ഉറപ്പാക്കണമെന്നും ഇതിനായി അമേരിക്കയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ഉണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തെയും വിഭവങ്ങളെയും മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാനാവില്ലെന്ന ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.

ഹോർമുസ് കടലിടുക്കിൽ ഇറാനുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അമേരിക്കയുടെ ഈ പിന്മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ പാതയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങൾ ഇനി സ്വന്തം സൈനിക സന്നാഹങ്ങൾ മേഖലയിൽ വിന്യസിക്കേണ്ടി വരും. സുരക്ഷാ ചുമതലകളിൽ നിന്നുള്ള അമേരിക്കയുടെ ഈ പിൻവാങ്ങൽ ആഗോള ഇന്ധന വിപണിയിൽ വലിയ അനിശ്ചിതത്വത്തിനും വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Articles

- Advertisement -spot_img

Latest Articles