23.7 C
Saudi Arabia
Wednesday, April 1, 2026
spot_img

ബേപ്പൂരിൽ പോര് മുറുകുന്നു; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യക്തിഹത്യയെന്ന് പരാതി, ആരോപണം തള്ളി മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിയുന്നു എന്നാരോപിച്ച് കോൺഗ്രസ് പോലീസിൽ പരാതി നൽകി. എൽഡിഎഫിന്റെ വാഹന പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഓഡിയോ ക്ലിപ്പുകളിൽ സ്ഥാനാർത്ഥിയെ തരംതാഴ്ത്തി കെട്ടുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാറാട് പോലീസിനെ സമീപിച്ചത്. സിപിഎം മനഃപൂർവം തയ്യാറാക്കിയ ഇത്തരം പ്രസംഗങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ അടയാളങ്ങളില്ലാതെ പ്രചരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസിന് വേണ്ടി യുഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. അപകീർത്തികരമായ പ്രസംഗങ്ങൾ പ്രചരിപ്പിച്ച വാഹന ഡ്രൈവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. താൻ വ്യക്തിപരമായ ശത്രുതയിലല്ല വിശ്വസിക്കുന്നതെന്നും, മറിച്ച് വികസനവും രാഷ്ട്രീയവും മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് എന്നത് പണാധിപത്യമല്ലെന്നും വികസനമാണ് ചർച്ചയാകേണ്ടതെന്നും റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരുടെയും പിതൃത്വം ചോദ്യം ചെയ്യാനോ വ്യക്തിപരമായി ആക്ഷേപിക്കാനോ താൻ മുതിർന്നിട്ടില്ലെന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിൽ മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയതായും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെയോ പാണക്കാട് തങ്ങളെയോ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും രാഷ്ട്രീയം മാത്രമാണ് തന്റെ ആയുധമെന്നും റിയാസ് വിശദീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles