21.1 C
Saudi Arabia
Monday, April 6, 2026
spot_img

നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട അവസരത്തിൽ പ്രതിപക്ഷം ഒളിച്ചോടുന്നു: എം. സ്വരാജ്

റിയാദ്: ഏപ്രിൽ ഒൻപതിന് നടക്കുന്ന പതിനാറാമത് കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന രീതിയാണ് ഇടത് സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാത്ത, പവർകട്ട് ഇല്ലാത്ത, കെഎസ്ആർടിസി ലാഭത്തിലാക്കിയ, സാധാരണക്കാരന്റെ ആരോഗ്യം സംരക്ഷിച്ച, വർഗീയ കലാപങ്ങളില്ലാത്ത പത്ത് വർഷമാണ് നമ്മുടെ മുന്നിലുള്ളത്. വരും അഞ്ചു വർഷത്തേക്കുള്ള ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും എം. സ്വരാജ് പറഞ്ഞു.

പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ളതാണെന്നും, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വെച്ച 1500 കാര്യങ്ങളിൽ 99 ശതമാനവും നടപ്പിലാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇപ്പോൾ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതെന്നും കൺവെൻഷനിൽ സംസാരിച്ചവർ പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നതിനു പകരം നടപ്പിലാക്കാൻ കഴിയുന്ന 950 കാര്യങ്ങളാണ് ഇടതുമുന്നണി മുന്നോട്ട് വെച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും, ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്തിച്ചുകൊണ്ട് അടൂര്‍, ആലുവ, അഴീക്കോട്, ബാലുശ്ശേരി, ബേപ്പൂർ, ചേലക്കര എലത്തൂർ, ഇരവിപുരം, കല്യാശ്ശേരി കാഞ്ഞങ്ങാട്, കണ്ണൂര്‍, കരുനാഗപ്പള്ളി, കാസര്‍ഗോഡ്, കൊടുവള്ളി, കൊണ്ടോട്ടി, കോതമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, മട്ടന്നൂര്‍, മൂവാറ്റുപുഴ, നിലമ്പൂർ, പാറശാല, പയ്യന്നൂർ, പേരാമ്പ്ര, പേരാവൂർ, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്, താനൂർ, തവനൂർ, തലശ്ശേരി, തിരുവമ്പാടി, തൃക്കരിപ്പൂർ, തൃശൂര്‍, തിരൂര്‍, വള്ളിക്കുന്ന്, വണ്ടൂർ, വേങ്ങര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വീഡിയോകളും, കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയ്യാറാക്കിയ വീഡിയോയും കൺവെൻഷനിൽ പ്രദർശിപ്പിച്ചു.

തുടർഭരണം എന്തിന് എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, സീബ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ, ഐഎംസിസി പ്രതിനിധി ഗസ്നി, കേരള കോൺഗ്രസ് (എം) പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കേളി കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, പ്രസിഡന്റ് ശ്രീഷ സുകേഷ്‌ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ദേശാഭിമാനി റിയാദ് റിപ്പോർട്ടർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles