ജിദ്ദ തുറമുഖം വഴി 29 ലക്ഷത്തിലധികം ലഹരി ഗുളികകൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 2,916,180 ആംഫെറ്റാമൈൻ (കാപ്റ്റഗൺ) ലഹരി ഗുളികകൾ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. വിദേശത്തുനിന്നും എത്തിയ ഷിയ ബട്ടർ അടങ്ങിയ ഉൽപ്പന്നങ്ങൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. അത്യാധുനിക സെക്യൂരിറ്റി സാങ്കേതികവിദ്യകളും പരിശോധനാ രീതികളും ഉപയോഗിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ വൻ ലഹരിവേട്ട നടത്തിയത്.

ലഹരിമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി (GDNC) ഏകോപിപ്പിച്ചു നടത്തിയ അന്വേഷണത്തിൽ, ഈ ലഹരിമരുന്ന് ശേഖരം ഏറ്റുവാങ്ങാൻ എത്തിയ രണ്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. രാജ്യത്തെ പൗരന്മാരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അതിർത്തികൾ വഴിയുള്ള എല്ലാത്തരം കള്ളക്കടത്തുകളും കർശനമായി തടയുമെന്ന് അതോറിറ്റി ആവർത്തിച്ചു.

ലഹരിക്കടത്ത് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910 എന്ന നമ്പറിലോ ഇമെയിൽ വഴിയോ വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കുമെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles