25.5 C
Saudi Arabia
Monday, April 6, 2026
spot_img

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് ട്രംപിന്റെ പുതിയ അന്ത്യശാസനം; നഷ്ടപരിഹാരമായല്ലാതെ പിന്നോട്ടില്ലെന്ന് ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള തർക്കം മുറുകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന് നൽകിയിരുന്ന സമയപരിധിയിൽ നേരിയ ഇളവ് അനുവദിച്ചു. ചൊവ്വാഴ്ച ഈസ്റ്റേൺ സമയം രാത്രി എട്ട് മണി വരെയാണ് പുതിയ അന്ത്യശാസനം നിശ്ചയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് തന്റെ പുതിയ കർശന നിലപാട് വ്യക്തമാക്കിയത്. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അതിശക്തമായ ആക്രമണം നടത്തുമെന്നും, രാജ്യം “നരകതുല്യമായ അവസ്ഥ” നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനുമുമ്പ് മാർച്ച് 21-നും ഏപ്രിൽ 6-നും സമാനമായ രീതിയിൽ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.

ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന ഭീഷണിയുമായി അങ്ങേയറ്റം പ്രകോപനപരമായ ഭാഷയിലാണ് ട്രംപ് കുറിപ്പിട്ടത്. ചൊവ്വാഴ്ച ഇറാനെ സംബന്ധിച്ചിടത്തോളം ‘വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും ദിനമായിരിക്കുമെന്നും’ അല്ലാഹുവിന് സ്തുതിയെന്നും അദ്ദേഹം കുറിച്ചു. അതേസമയം, യുദ്ധം മൂലം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന യുദ്ധക്കുറ്റമാണെന്ന് ഇറാൻ യുഎന്നിൽ ആരോപിച്ചു.

ഹോർമുസിന് പുറമെ ചുവന്ന കടലിലെ പ്രധാന പാതയായ ബാബുൽ മന്ദബ് വഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തുമെന്ന് ഇറാൻ സൂചന നൽകിയിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിപണിയെയും ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഹോർമുസിനെ അമേരിക്ക ആശ്രയിക്കുന്നില്ലെന്ന് മുമ്പ് പറഞ്ഞിരുന്ന ട്രംപ്, ഇപ്പോൾ കടുത്ത സൈനിക നീക്കത്തിന് മുതിരുന്നത് ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ചൊവ്വാഴ്ചയിലെ സമയപരിധി അവസാനിക്കുന്നതോടെ പശ്ചിമേഷ്യയിൽ മറ്റൊരു വലിയ സൈനിക നീക്കം ഉണ്ടാകുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

 

 

Related Articles

- Advertisement -spot_img

Latest Articles