ന്യൂയോർക്ക്: ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നതിനായി ബഹ്‌റൈൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് തള്ളി. 15 അംഗ സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പാകിസ്താനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അംഗീകാരത്തിന് ആവശ്യമായ ഒൻപത് വോട്ടുകൾ ലഭിച്ചുവെങ്കിലും, സ്ഥിരം അംഗങ്ങളായ റഷ്യയും ചൈനയും എതിർത്തതോടെ പ്രമേയം അസാധുവായി. ഇറാനെതിരെയുള്ള ഈ പ്രമേയം അമിതമായി കടുത്തതാണെന്നും സംഘർഷം ലഘൂകരിക്കാൻ ഇത് സഹായിക്കില്ലെന്നുമാണ് റഷ്യയുടെയും ചൈനയുടെയും നിലപാട്. ഇറാനുമായുള്ള തങ്ങളുടെ ശക്തമായ നയതന്ത്ര ബന്ധം ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു ഇരുരാജ്യങ്ങളുടെയും നീക്കം.
ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകുന്ന ‘ആർട്ടിക്കിൾ 7’ (Article 7) ഉൾപ്പെടുത്തിയാണ് ആദ്യം പ്രമേയം തയ്യാറാക്കിയിരുന്നത്. എന്നാൽ റഷ്യയുടെയും ചൈനയുടെയും കടുത്ത എതിർപ്പിനെത്തുടർന്ന് ചർച്ചകൾ നീണ്ടുപോവുകയും പ്രമേയത്തിലെ ഭാഷയിൽ മാറ്റം വരുത്തുകയും ചെയ്തു. സൈനിക നടപടിക്ക് പകരം, വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കായി രാജ്യങ്ങൾ പ്രതിരോധപരമായ രീതിയിൽ സഹകരിക്കണമെന്ന മിതമായ നിർദ്ദേശമാണ് ഒടുവിൽ വോട്ടെടുപ്പിന് വെച്ചത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ മാറ്റങ്ങൾ വരുത്തിയത്. എന്നാൽ ഈ ഒത്തുതീർപ്പ് വ്യവസ്ഥകളും അംഗീകരിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സുരക്ഷാ കൗൺസിലിലുണ്ടായ ഈ ഭിന്നത മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.



