തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, പാലക്കാട്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. പാലക്കാട് മണ്ഡലത്തിലെ കണ്ണാടിയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ സന്ദർശനത്തിനിടെ വയോധികയ്ക്ക് പണം നൽകിയെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
എന്നാൽ, മരണവീട് സന്ദർശിക്കാനെത്തിയപ്പോൾ ഉണ്ടായ സ്വാഭാവികമായ ഇടപെടലുകളെ രാഷ്ട്രീയ ലാഭത്തിനായി യുഡിഎഫും എൽഡിഎഫും വളച്ചൊടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. പണം ലഭിച്ചുവെന്ന് പറയപ്പെടുന്ന വയോധിക തന്നെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയത് ബിജെപിക്ക് ആശ്വാസമായിട്ടുണ്ട്.
സമാനമായ രീതിയിൽ നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും വോട്ടിന് പണം നൽകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നെങ്കിലും, പരാജയഭീതി മൂലം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.



