പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ശോഭ സുരേന്ദ്രന്റെ വാദങ്ങൾ തള്ളി കോൺഗ്രസ് പുറത്തുവിട്ട ചിത്രങ്ങൾ

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന വിവാദത്തിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പ്രതിരോധത്തിൽ. കണ്ണാടി മേഖലയിൽ വയോധികയ്ക്ക് പണം നൽകിയ സ്ത്രീയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ശോഭയുടെ വാദങ്ങൾ തള്ളുന്ന ചിത്രങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ശോഭ സുരേന്ദ്രനോടൊപ്പം നിൽക്കുന്ന ഈ സ്ത്രീയുടെ ഫോട്ടോകൾ പുറത്തുവന്നതോടെ സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ്. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപി ഓഫീസ് സന്ദർശിച്ച സമയത്ത് ഈ സ്ത്രീ പാർട്ടി ഓഫീസിലുണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് തെളിവുകൾ സഹിതം ആരോപിക്കുന്നത്.

ഇന്ന് രാവിലെയാണ് കണ്ണാടി മേഖലയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും കോൺഗ്രസ് മെനഞ്ഞ കള്ളക്കഥയാണിത് എന്നുമായിരുന്നു ശോഭയുടെ ആദ്യ പ്രതികരണം. എന്നാൽ പണം നൽകിയ സ്ത്രീ ശോഭയോടൊപ്പം കാറിലുണ്ടായിരുന്നുവെന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിടുകയും, പിന്നാലെ കോൺഗ്രസ് ഫോട്ടോകൾ കൂടി പുറത്തുവിടുകയും ചെയ്തതോടെ ബിജെപിയുടെ വാദങ്ങൾ പൊളിഞ്ഞു. സംഭവത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട്ടെ ജനങ്ങളെ പണം നൽകി വാങ്ങാമെന്ന ധാരണ തെറ്റാണെന്നും, ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി.`

 

Related Articles

- Advertisement -spot_img

Latest Articles