27.6 C
Saudi Arabia
Friday, April 10, 2026
spot_img

നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത വിയോഗം; കൊണ്ടോട്ടി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

റിയാദ്: എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ കൊണ്ടോട്ടി സ്വദേശി റിയാദിൽ അന്തരിച്ചു. കൊണ്ടോട്ടി കുഴിമണ്ണ, പുളിയങ്കോട് സ്വദേശിയായ ഹംസ (67) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് സഹോദരൻ പോലീസിനെയും റെഡ് ക്രെസന്റിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് എത്തി അടിയന്തര ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ അൽ-ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ജോലി ചെയ്തിരുന്ന കമ്പനിയിലെ പ്രതിസന്ധികൾ കാരണം താമസ രേഖയുടെ (ഇഖാമ) കാലാവധി അവസാനിച്ചതിനാൽ കഴിഞ്ഞ എട്ടു വർഷമായി ഹംസയ്ക്ക് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഇന്ത്യൻ എംബസി മുഖാന്തരം രേഖകൾ ശരിയാക്കി നാട്ടിലേക്ക് തിരിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. പരേതരായ മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. റുബീനയാണ് ഭാര്യ. ഫസീല, ജസീല, ഫാത്തിമ ഷഹന എന്നിവരാണ് മക്കൾ.

മയ്യിത്ത് നിലവിൽ തക്കസൂസിയിലെ സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികളുമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമ്മർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് ചുങ്കത്തറ, ഷംസു വടപുരം എന്നിവരും സഹോദരൻ അബ്ദുൽ കരീമും സജീവമായി രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles