കോഴിക്കോട്: മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ പുകയേ തുടർന്ന് രോഗികളെ മാറ്റുന്നതിനിടെ സംഭവിച്ച മരണത്തിൽ കേസെടുത്ത് പോലീസ്. രോഗികളുടെ അസ്വാഭാവിക മരണത്തിനാണ് പോലിസ് കേസടുത്തത്. നസീറ (44), ഗോപാലൻ (55), ഗംഗ (34), ഗംഗാധരൻ (70) എന്നവരായിരുന്നു അപകട സ്ഥലത്തുനിന്ന്മാ റ്റുന്നതിനിടെ മരണപ്പെട്ടത്. വെന്റിലേറ്ററിലുള്ള 16 രോഗികൾ ഉൾപ്പടെ 76 രോഗികളെയാണ് ഇന്നലെ മാറ്റിയിരുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അപകടമുണ്ടായത്. യുപിഎസ് റൂമിലെ ബാറ്ററി കത്തിയ പുക അത്യഹിത വിഭാഗത്തിൽ പടരുകയായിരുന്നു. റെഡ്‌സോണിലുൾപ്പടെ നിരവധി രോഗികളായിരുന്നു ആ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഉടനെ പുറത്തെത്തിക്കുകയും മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
അതേസമയം അത്യാഹിത വിഭാഗത്തിലെ പുക ശ്വസിച്ചല്ല രോഗികൾ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്. രണ്ടു കാൻസർ രോഗികളും ഒരു കരൾ രോഗിയുമുൾപ്പടെ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരണപ്പെട്ടത്. അപകട സമയത്ത് മരണപ്പെട്ട നാല് പേരുടെയും മരണ കാരണം സംഭവുമായി ബന്ധമില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കൾ ഈ വാദങ്ങളെ തള്ളിക്കളയുകയാണ്.