റിയാദ്: റിയാദ് ഖസാൻ സ്ട്രീറ്റിൽ ഏഴു നില കെട്ടിടത്തിൽ തീപിടുച്ചു. ശനിയാഴ്‌ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. നാൽപതിലധികം ഫ്ളാറ്റുകളുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീ പടരാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സുഡാൻ വംശജൻ താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നാണ് തീ പടർന്നത്. റൂമിൽ നിന്നും ജനൽ വഴി പുറത്തേക്ക് ചാടിയ സുഡാനി ബാലൻ അത്ഭുതകരമായി രക്ഷപെട്ടു. താഴേക്ക് ചാടിയ ബാലനെ കെട്ടിടത്തിന് താഴെയുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിൽ താമസിക്കുന്ന ഭൂരിഭാഗവും അറബ് വംശജരാണ്.
കെട്ടിടത്തിൽ താമസിച്ചിരുന്ന മലയാളി കുടുംബം മലപ്പുറം പെരിന്തൽമണ്ണ തൂത സ്വദേശി സാദിഖ് പരിക്കുകളില്ലാതെ രക്ഷപെട്ടു. അഞ്ചംഗ മലയാളി കുടുംബമായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. റൂമിൽ പുക പടരുകയും ശ്വാസത്തിന് തടസം നേരിടുകയും ചെയ്തപ്പോൾ പെട്ടെന്ന് കുട്ടികളെയുമായി ഓടി രക്ഷപെടുകയിരുന്നു. പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ഉപേക്ഷിച്ചാണ് സാദിഖ് കുടുംബത്തെ രക്ഷിച്ചത്.