ദമ്മാം: ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡിൽ ആറ് അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി സൗദി അറേബ്യ. ദമ്മാം ദഹ്റാനിൽ നടന്ന 25ാമത് ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡിലായിരുന്നു സൗദിയുടെ മികച്ച പ്രകടനം. രണ്ട് വെങ്കലമെഡലുകൾക്ക് പുറമെ നാല് അനുമോദന സർട്ടിഫിക്കറ്റുകളും സൗദി വിദ്യാർഥികൾ കരസ്ഥമാക്കി. അൽ ഹസ്സ വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള വിദ്യാർഥി മാസിൻ അൽ ശൈഖും റിയാദ് വിദ്യാഭ്യാസ വകുപ്പിനെ കീഴിലുള്ള ഹുസൈൻ അൽ സാലിഹുമാണ് വെങ്കലമെഡലുകൾ നേടിയത്.
കിഴക്കൻ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മുഹമ്മദ് അൽ അർഫാജ്, അലി അൽ ഹസ്സൻ റിയാദിൽ നിന്നുള്ള ഫാരിസ് അൽ ഗാംദി, ഫൈസൽ അൽ മുഹൈസൻ എന്നിവർക്കാണ് അനുമോദന സർട്ടിഫിക്കറ്റുകൾ ലഭിച്ചത്. ഇതോടെ ഫിസിക്‌സ് ഒളിമ്പ്യാഡിലെ സൗദി റെക്കോർഡ് 22 അന്താരാഷ്ട്ര അവാർഡുകളായി ഉയർന്നു.
കിംഗ് അബ്ദുൽഅസീസ് വേൾഡ് കൾച്ചറൽ സെന്ററും മൗഹിബായും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ചാണ് രാജ്യത്തിന് ഈ നേട്ടം സമ്മാനിച്ചത്. ഒളിമ്പ്യാഡിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ദീർഘകാലത്തെ പരിശീലനം നൽകിയിരുന്നു. ഞായറാഴ്‌ച വൈകീട്ടാണ് 25ാമത് ഏഷ്യൻ ഫിസിക്‌സ് ഒളിമ്പ്യാഡ് സമാപിച്ചത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടന്ന പരിപാടിക്ക് സൗദിയാണ് ആദിത്യം വഹിച്ചത്. ദഹ്റാനിലെ കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിലാണ് പരിപാടി നടന്നത്.
സമാപന ചടങ്ങിൽ കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുല്ല അസീസ്, വിദ്യാഭ്യാസമന്ത്രി യൂസഫ് അൽ ബുനിയാൻ അക്കാദമിക്, ശാസ്ത്ര വിഭാഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.