റിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്‌ച തുടങ്ങി. കൂടികാഴ്ച്ചക്ക് ശേഷം പരസ്പരം സഹകരണ കരാറുകൾ ഒപ്പിടും. പ്രതിരോധ രംഗത്തെ നൂറ് ബില്യൻറെ ആയുധ പാക്കേജ് തന്നെയാവും പ്രധാന കരാർ. ആണവ സഹകരണം സംബന്ധിച്ചും ഇരു രാജ്യങ്ങളും ധാരണയിലെത്തും. യുഎസിൽ സൗദി ട്രില്യൺ ഡോളറിൻറെ നിക്ഷേപമിറക്കും
ഇന്ന് രാവിലെ സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കിരീടാവകാശി നേരിട്ടെത്തി സ്വീകരിച്ചു. ഗസ്സയിലെ വെടി നിർത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. മറ്റു പ്രധാന പ്രഖാപനങ്ങൾ ചർച്ചക്ക് ശേഷം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്രയേലിനെ കൂടുതൽ രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് വേണ്ടിയുള്ള അബ്രഹാം കരാർ പ്രാവർത്തികമാക്കുക എന്ന ക്ഷ്യം കൂടി ട്രംപിന്റെ സന്ദർശനത്തിനുണ്ടെന്ന് പശ്ചിമേഷ്യൻ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പശ്ചിമേഷ്യൻ സന്ദർശനത്തിന് മുന്നെ ഗസ്സയിൽ വെടി നിർത്തൽ പ്രഖ്യാപനം നടത്തണമെന്ന ട്രംപിന്റെ ആവശ്യത്തെ ഇസ്രായേൽ നിരാകരിച്ചിരുന്നു. നെതന്യാഹുവുമായുള്ള ഭിന്നതൾക്കിടെയാണ് ട്രംപിന്റെ ഗൾഫ് സന്ദർശനം. ബുധനാഴ്ച്ച നടക്കുന്ന ഗൾഫ് രഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിൽ ഇത് സംബന്ധിച്ച തീരുമാനത്തിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലസ്‌തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും റിയാദിലെത്തിയിട്ടുണ്ട്. സൗദിയുമായുള്ള ആയുധ ഇടപാടുകളും ഇറാൻ സിറിയ വിഷയങ്ങളിലെ അമേരിക്കൻ നിലപാടും ട്രംപ് വ്യക്തമാക്കുമെന്ന് കരുതുന്നു.
ഫലസ്‌തീൻ രാഷ്ട്രം അംഗീകരിക്കുക എന്ന വിഷയത്തിൽ സൗദി ഉറച്ചു നിൽക്കുകയാണ്. അമേരിക്ക അത്തരത്തിലുള്ള ഒരു തീരുമാനത്തിലെത്തിയാൽ കൂടുതൽ രാഷ്ട്രങ്ങൾ ഇസ്രയേലിനെ അംഗീകരിക്കാൻ മുന്നോട്ട് വരുമെന്ന് സൂചനയുണ്ട്. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ഹമാസിൻറെ കസ്റ്റഡിയിലുള്ള ഏക ബന്ദിയെ വിട്ടയക്കാൻ ഹമാസ് തീരുമാനിച്ചിരുന്നു. ഗസ്സയിലെ വെടിനിർത്തലും ഫലസ്തീനിലെ തുടർ ഭരണവും ചർച്ചയിലെ പ്രധാന വിഷയങ്ങൾ തന്നെയാവും.
പശ്ചിമേഷ്യയിൽ സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ആളുകളൂം ഉറ്റു നോക്കുന്നതാണ് ട്രംപിന്റെ സൗദി സന്ദർശനം. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്‌ചയിൽ വലിയ പല പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഗസ്സയിലെ വെടി നിർത്തലും ഫലസ്‌തീൻ രാഷ്ട്രം അമേരിക്ക അംഗീകരിക്കുകയും ചെയ്യുക എന്നതാവും നിർണ്ണായകമെന്ന് കരുതാം.