31.5 C
Saudi Arabia
Thursday, August 21, 2025
spot_img

സൗദിയിൽ പതിനയ്യായിരം അനധികൃത താമസക്കാരെ അറസ്‌റ്റ് ചെയ്‌തു

റിയാദ്: കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന 14,987 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്‌തു. മെയ് 8 നും മെയ് 14 നും ഇടയിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാ സേന നടത്തിയ പരിശോധനകളിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ നിയമ ലംഘിച്ച 9,212 പേരും അതിർത്തി സുരക്ഷാ നിയമ ലംഘിച്ച 3,502 പേരും തൊഴിൽ നിയമ ലംഘനം നടത്തിയ 1,873 പേരേയുമാണ് അറസ്‌റ്റ് ചെയ്‌തത്‌. 11,763 നിയമ ലംഘകരെ നാടുകടത്തിയതായും 17,567 നിയമ ലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിനായി അവരുടെ എംബസികളിലേക്ക് അയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1,349 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷനുകൾ പൂർത്തിയാക്കുന്നതിനും അയച്ചിട്ടുണ്ട്.

അതിർത്തി മുറിച്ചു കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,268 പേരെ അതിർത്തി സേന അറസ്റ്റ് ചെയ്തു. അതിൽ 35 ശതമാനം യെമൻ പൗരന്മാരും 62 ശതമാനം എത്യോപ്യൻ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ സൗകര്യങ്ങൾ നൽകിയ 23 പേരെയും അറസ്റ്റ് ചെയ്‌തതായി മന്ത്രാലയം അറിയിച്ചു. 22,263 പുരുഷന്മാരും 1,055 സ്ത്രീകളും ഉൾപ്പെടെ ആകെ 23,318 അനധികൃത താമസക്കാർ നിലവിൽ ശിക്ഷാ നടപടികളുടെ ഭാഗമായി നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയോ, അനധികൃതമായി പ്രവേശിച്ചവരെ പ്രദേശത്ത് കൊണ്ടുപോകുകയോ, അവർക്ക് അഭയം നൽകുകയോ മറ്റേതെങ്കിലും രീതിയിലുള്ള സഹായമോ സേവനമോ നൽകുന്ന വ്യക്തിക്കും 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളോ താമസത്തിനായി ഉപയോഗിക്കുന്ന വീടുകളോ കണ്ടുകെട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി

നിയമലംഘന കേസുകൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles