റിയാദ്: വ്യാവസായിക മേഖലയിൽ സഹകരണം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിയാദിൽ സൗദി-മലേഷ്യാ മന്ത്രിതല കൂടിക്കാഴ്‌ച നടന്നു. തിങ്കളാഴ്ച റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖൊറയേഫ് മലേഷ്യൻ നിക്ഷേപ, വ്യാപാര, വ്യവസായ മന്ത്രി തെങ്കു ദാതുവും പങ്കെടുത്തു. ഉഭയകക്ഷി സഹകരണവും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകൾ മന്ത്രിമാർ പരിശോധിച്ചു. നിക്ഷേപകങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ സഹായങ്ങളും പ്രോത്സാഹനങ്ങളും, സൗദി വാഗ്ദാനം ചെയ്‌തു. നിക്ഷേപങ്ങൾക്ക് ഉയർന്ന മൂല്യങ്ങൾ ലഭിക്കാനുള്ള അവസരങ്ങളും രാജ്യത്ത് ലഭ്യമാണെന്നും സൗദി അറിയിച്ചു.
സൗദി വിഷൻ 2030 മുൻ നിർത്തിയായിരുന്നു ചർച്ച. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, ദേശീയ വ്യാവസായിക വളർച്ചയുടെ അവലോകനം, രാജ്യത്തിന്റെ ഉൽപ്പാദന ശേഷിയുടെ വർദ്ധനവ്, പ്രാദേശിക സംരംഭങ്ങൾ വർദ്ധിപ്പിക്കുക, പ്രാദേശികവൽക്കരണത്തിനും വികസനത്തിനും ലക്ഷ്യമാക്കി വ്യവസായ മേഖലകൾക്ക് മുൻഗണന നൽകുക തുടങ്ങിയ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു.
ആഗോളതലത്തിൽ ആകർഷകമായ ഒരു നിക്ഷേപ കേന്ദ്രമായി രാജ്യം മാറിയെന്ന് സൗദി ചൂണ്ടിക്കാട്ടി. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, സുഗമമായ സർക്കാർ നടപടിക്രമങ്ങൾ, മത്സരാധിഷ്ഠിത ഊർജ്ജ വിലകൾ, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ രാജ്യം കൈവരിച്ച തന്ത്രപരമായ നേട്ടങ്ങൾ യോഗം എടുത്തുകാണിച്ചു