മലപ്പുറം: നിലമ്പൂരിൽ അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചു അനുയായികൾ രംഗത്തിറങ്ങി. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്നെഴുതിയ കൂറ്റൻ ഫ്‌ളക്‌സുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ എന്നീ പ്രദേശങ്ങളിലാണ് നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ ബോർഡുകൾ സ്ഥാപിച്ചത്.
യുഡിഎഫ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ അൻവർ അനിഷ്ടത്തിലാണ്. യുഡിഎഫിൽ പ്രവേശിപ്പിക്കണമെന്ന അൻവറിന്റെ ആവശ്യം അംഗീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുകയാണ്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഡി സതീശന്റെ പ്രസ്‌താവനയെ മുൻ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ വിമർശിച്ചിരുന്നു. നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ അൻവറിന്റെ സാന്നിധ്യം നിർണ്ണായകമാണ്. ഇത് വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പറഞ്ഞു.
അൻവറിനെ ഒറ്റപെടുത്തില്ലെന്നും കൂടെ നിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പറഞ്ഞു. കോൺഗ്രസും അൻവറും തമ്മിലുള്ള പ്രശ്നം തീർക്കാൻ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടിയും കെസിയുമായി സംസാരിച്ചു. പ്രശ്‌ന പരിഹാരത്തിന് വഴി നിർദ്ദേശിക്കണമെന്നും കുഞ്ഞാലികുട്ടി കെസിയോട് ആവശ്യപെട്ടു