മക്ക: മെയ് 27 ചൊവ്വാഴ്ചയോടെ വിവിധ രാജ്യങ്ങളിൽ നിന്ന് 1,180,306 തീർഥാടകർ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങൾ വഴി ഹജ്ജിന് എത്തിയതായി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. 1,115,663 തീർഥാടകർ വിമാനം വഴിയും 60,365 പേർ റോഡ് മാർഗവും 4,278 കപ്പൽ വഴിയുമാണ് .രാജ്യത്ത് എത്തിച്ചേർന്നത്.
എല്ലാ അന്താരാഷ്ട്ര പ്രവേശന കവാടങ്ങളിലും ഉയർന്ന പരിശീലനം ലഭിച്ച, ബഹുഭാഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ സജ്ജീകരിച്ചു പ്രവർത്തങ്ങൾ എളുപ്പത്തിലും വേഗത്തിലും ക്രമീകരിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു.
തീർഥാടകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനും ഹജ്ജുമായി ബന്ധപ്പെട്ട മതപരമായ ഉത്തരവുകൾ (ഫത്‌വകൾ) നൽകുന്നതിനുമായി 24/7 ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ (8002451000) ആരംഭിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. . അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ടർക്കിഷ്, ഉറുദു, ഇന്തോനേഷ്യൻ, ബംഗാളി, ഹൗസ, അംഹാരിക്, ഹിന്ദി എന്നീ 10 ഭാഷകളിൽ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ വരുത്തിയിട്ടുണ്ട്.
ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയം ഈ സംവിധാനം ആരംഭിച്ചത്. ആവശ്യമായ യോഗ്യതയുള്ള പണ്ഡിതരുടെയും പ്രൊഫഷണൽ വിവർത്തകരുടെയും ഗ്രൂപ്പുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിലൂടെ, തീർഥാടകർക്ക് വിശ്വസനീയമായ രീതിയിൽ സംശയ ദുരീകരണം നടത്താനാവും.
അതിഥികൾക്ക് ഉയർന്ന പരിഗണന നൽകുന്നതിന് വേണ്ടിയുള്ള രാജ്യത്തിൻറെ ശ്രമങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ തീർഥാടകരോടും പൂർണ്ണമായി ഉപയോഗപ്പെടുത്താൻ മന്ത്രാലയം അഭ്യർത്ഥിച്ചു