അബൂജ: നൈജീരിയയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 117 ആയി. നൈജീരിയയിലെ നൈജർ സംസ്ഥാനത്തെയാണ് വെള്ളപ്പൊക്കവും മിന്നൽ പ്രളയവും ബാധിച്ചത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകളാണ് തകർന്നത്. വെള്ളപ്പൊക്കത്തിൽ വ്യാഴാഴ്‌ച 21 പേരാണ് മരിച്ചത്. ഇന്ന് മരണ സംഖ്യ കുത്തനെ ഉയർന്നതായി നൈജർ സ്റ്റേറ്റ് എമെർജെൻസി മാനേജ്‌മെൻറ് ഏജൻസി ഇബ്രാഹിം ഹുസൈനി പറഞ്ഞു.
നൈജറിൽ ബുധനാഴ്‌ച രാത്രിയിലാണ് കനത്ത മഴയും മിന്നൽപ്രളയവും ഉണ്ടായത്. നിരവധിയാളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2022 ലും നൈജീരിയയിൽ വെള്ളപൊക്കം കനത്ത നാശം വിതച്ചിരുന്നു. അറുനൂറിലധികം ആളുകൾ മരിക്കുകയോ ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപാർപ്പിക്കുകയും ചെയ്‌തിരുന്നു. 4,40,000 ഹെക്ടർ കൃഷിയും നശിച്ചിരുന്നു.