കൊല്ലം: ചെറീയഴീക്കലിൽ സ്വകാര്യ ധനകാര്യസ്ഥാപനം ജപ്‌തി ചെയ്‌ത വീടിൻറെ പൂട്ട് തകർത്ത് സർട്ടിഫിക്കറ്റുകളൂം വസ്ത്രങ്ങളും എടുത്തുനൽകി മഹേഷ് എംഎൽഎ. സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന് കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു കുടുംബം. ഈ സമയത്താണ് എംഎൽഎയുടെ ഇടപെടൽ. അഴീക്കൽ സ്വദേശി അനിമോന്റെ വീടാണ് എംഎൽഎ പൂട്ട് പൊട്ടിച്ചു തുറന്നത്. അനിമോൻ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വീട് നിർമ്മാണത്തിന് വേണ്ടി 18 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ആറര ലക്ഷം രൂപ തിരിച്ചടച്ചു. അതിനിടയിൽ ഭാര്യയുടെ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങുകയായിരുന്നു.
ചികിത്സക്കായി ആശുപത്രിയിൽ പോയ സമയത്താണ് ബാങ്ക് ജീവനക്കാരെത്തി വീട് ജപ്‌തി ചെയ്‌തത്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് സർട്ടിഫിക്കറ്റുകൾ എടുക്കാൻ അനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല. വിവരങ്ങൾ അറിഞ്ഞ എംഎൽഎ സ്ഥലത്തെത്തി പൂട്ട് പൊളിച്ചു സർട്ടിഫിക്കറ്റുകളൂം വസ്ത്രങ്ങളും എടുക്കാൻ കുടുംബത്തിന് അവസരം ഉണ്ടാക്കുകയായിരുന്നു. സാധനങ്ങൾ എടുത്ത ശേഷം എംഎൽഎ തന്നെ വാതിൽ പൂട്ടുകയും ചെയ്‌തു.
കുടുംബത്തെ സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റിപാർപ്പിക്കാനോ വസ്ത്രങ്ങളോ രേഖകളോ എടുക്കാൻ അനുവദിക്കുകയോ ചെയ്യാതെ വീട് ജപ്‌തി ചെയ്യുകയായിരുന്നു. ഒൻപത് മാസം പ്രായമുള്ള കൈകുഞ്ഞും രണ്ട് പെൺ കുട്ടികളും ഉള്ള കുടുംബം ഇതിന്റെ പേരിൽ എന്തെങ്കിലും ചെയ്‍തിട്ട് അനുശോചനം പറഞ്ഞിട്ടോ വിലപിചിട്ടോ കാര്യമുണ്ടാവില്ലെന്നും എംഎൽഎ പറഞ്ഞു. കൊള്ള പലിശക്ക് പണം കൊടുക്കുന്ന പ്രൈവറ്റ് ബാങ്കാണ് സാമാന്യ മര്യാദപോലും കാണിക്കാതെ ഈ കുടുംബത്തെ പെരുവഴിയിലാക്കിയത് എന്ന് എംഎൽഎ പറഞ്ഞു.