ന്യൂ ഡൽഹി : ഇറാന്റെ ആക്രമണത്തിന് സാധ്യതയുള്ള ചില വിമാനങ്ങളും കപ്പലുകളും മിഡിൽ ഈസ്റ്റിലെ താവളങ്ങളിൽ നിന്ന് യുഎസ് സൈന്യം മാറ്റിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അസ്സോസിയേറ്റ് പ്രസ്സ് റിപ്പോർട്ട് ചെയ്‌തു. ഇസ്രായേൽ ഇറാൻ യുദ്ധത്തിൽ അമേരിക്കയും പങ്കുചേരുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ശ്രമിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
വരും ദിവസങ്ങളിൽ ഇറാനെ ആക്രമിക്കാനായി യുഎസ് ഉദ്യോഗസ്ഥർ തയ്യാറെടുക്കുകയാണെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥിതിഗതികൾ മാറിയേക്കാമെന്നും വാരാന്ത്യ ആക്രമണത്തിനുള്ള സാധ്യതയുള്ളതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇസ്രായേലിന്റെ പ്രചാരണത്തിൽ ചേരണോ വേണ്ടയോ എന്ന കാര്യത്തിൽ താൻ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ എന്ന് പറയാൻ ട്രംപ് വിസമ്മതിച്ചു. എനിക്ക് അത് ചെയ്യാൻ കഴിയും. എനിക്ക് അത് ചെയ്യാൻ കഴിയില്ലായിരിക്കാം. അതായത്, ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും അറിയില്ല,” അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയിലെ അൽ-ഉദൈദ് വ്യോമതാവളത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർ പ്രവേശിക്കുന്നത് താൽക്കാലികമായി വിലക്കിയതായി ഖത്തറിലെ യുഎസ് എംബസി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിലുള്ള അവസ്ഥ തിരിച്ചറിഞ്ഞു വളരെയധികം ജാഗ്രത പാലിക്കാൻ ഖത്തറിലെ യുഎസ് പൗരന്മാരോടും എംബസി ഉദ്യോഗസ്ഥരോടും എംബസി ആവശ്യപ്പെട്ടു.
വിമാനങ്ങളുടെയും കപ്പലുകളുടെയും നീക്കം യുഎസ് സേനയെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗം മാത്രമാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച രണ്ട് ഉദ്യോഗസ്ഥരും പറഞ്ഞു, എന്നാൽ എത്രയെണ്ണം മാറ്റി, എവിടേക്ക് മാറ്റി എന്ന് പറയാൻ അവർ വിസമ്മതിച്ചു. ഇത് അസാധാരണമായ ഒരു രീതിയല്ലന്നും സേനാ സംരക്ഷണമാണ് മുൻഗണനയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ സൈനിക നീക്കത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടാൽ അമേരിക്കയോട് ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ വാഷിംഗ്ടണിനെ അറിയിച്ചിട്ടുണ്ടെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ പറഞ്ഞു.