ഹൈദരാബാദ്: പ്രണയത്തെ എതിർത്ത കാരണത്താൽ കാമുകന്റെ സഹായത്തോടെ അമ്മയെ മകൾ കൊലപ്പെടുത്തി. തെലങ്കാന മെടച്ചാൽ ജില്ലയിലാണ് സംഭവം. 39 കാരിയായ അഞ്ജലിയാണ് മകളുടെയും കാമുകന്റെയും കൊലക്കിരയായത്.
അഞ്ജലിയുടെ മകളും കാമുകൻ ശിവ (19) ഇയാളുടെ സഹോദരൻ പജില്ല യശ്വന്തും (18) ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. മൂവരും ചേർന്ന് അഞ്ജലിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കും മുഖത്തും അടിച്ചതായാണ് അറിയുന്നത്. അടിയേറ്റത്തിന്റെ പാടുകൾ മുഖത്ത് കാണാമെന്ന് സഹോദരി പറഞ്ഞു.
ഒരാഴ്‌ച മുമ്പ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് അഞ്ജലി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി.
തങ്ങളുടെ ബന്ധം എതിർത്ത അമ്മയോടുള്ള പ്രതികാരത്തിൽ കാമുകനുമായി ചേർന്ന് അമ്മയെ ഇല്ലാതാക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്‌തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.