കാസറഗോഡ്: മഞ്ചേശ്വരത്ത് മാതാവിനെ യുവാവ് പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നു. മൃതദേഹം വീടിന് സമീപമുള്ള കുറ്റികാട്ടിൽ തള്ളിയനിലയിൽ കണ്ടെത്തി. മഞ്ചേശ്വരം വോർക്കോടിയിലെ പരേതനായ ലൂയി മോന്തേരയുടെ ഭാര്യ ഹില്ഡ മോന്തെരെയാണ് (60) അതിദാരുണമായി കൊല്ലപ്പെട്ടത്. ക്രൂരകൃത്യം ചെയ്‌ത മകൻ മെൽവിൻ മോന്തേര ഒളിവിലാണ്.
മാതാവിനെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവതിയെ വിളിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്താനും ഇയാൾ ശ്രമിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധു വിക്ടറിൻറെ ഭാര്യ ലളിതയാണ് (30) പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. കൃത്യത്തിന് ശേഷം പ്രതി ഒളിവിൽ പോയി. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
വ്യാഴാഴ്‌ച പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം നാട്ടുകാരറിയുന്നത്. മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. മറ്റൊരു മകൻ ആൽവിൻ മോന്തേര വിദേശത്താണ്. മെൽവിൻ നിർമാണ തൊഴിലാളിയാണ്. ബുധനാഴ്ച്ച രാത്രി കിടന്നതായിരുന്നു മാതാവ് ഹിൽഡ. ഇതിനിടെ മെൽവിൻ മാതാവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്‌ച പുലർച്ചെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ബന്ധു ലളിതയെ മെൽവിൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിനകത്ത് കയറിയ ഉടൻ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം കടന്നു കളയുകയായിരുന്നു. ലളിതയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവമറിയുന്നത്. യുവാവ് ബസ്സിൽ കയറി ബംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്നു എന്ന് സംശയിക്കുന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.