ജിദ്ദ: അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ കാരന്തൂര്‍ മര്‍ക്കസ് സ്‌കൂളിലെ ചിട്ടയായ പഠനവും പിന്നീട് കോഴിക്കോട്ടെ ഡോപ അക്കാദമിയിലെ മികച്ച പരിശീലനവും റിഷാദ് മുന്നയെ നീറ്റ് പരീക്ഷയിലെ ആറാം റാങ്കുകാരനാക്കിയപ്പോള്‍ അഭിമാനത്തിന്റെ പുഞ്ചിരി വിരിഞ്ഞത് ഇങ്ങകലെ തായിഫിലായിരുന്നു. 20 വര്‍ഷമായി തായിഫില്‍ ജോലി ചെയ്യുന്ന കുന്നമഗലം കോണോട്ട് സ്വദേശി അമ്പലക്കണ്ടി അബ്ദുല്‍ കരീമിന്റെ മൂത്ത മകനാണ് റിഷാദ്
തായിഫിലെ ബ്രോസ്റ്റഡ് ചിക്കന്‍ കടയിലാണ് കരീമിന് ജോലി. മകന്റെ നീറ്റ് ഫലം വരും മുമ്പെ പ്രതീക്ഷയുമായി നാട്ടിലെത്തിയ കരീം ഇപ്പോള്‍ സന്തോഷത്തോടെ ജോലി സ്ഥലത്തേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. നീറ്റ് പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ ആറാം റാങ്ക് നേടിയ റിഷാദിന് ദല്‍ഹി എയിംസില്‍ പ്രവേശനം കിട്ടുമെന്നാണ് കരുതുന്നത്. മകന്റെ അഡ്മിഷന്‍ സമയത്ത് ചിലപ്പോള്‍ ഒന്നുകൂടി നാട്ടിലെത്തും- കരീം പറഞ്ഞു.
എട്ടാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മുതല്‍ മകന്റെ പഠനത്തില്‍ താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയപ്പോള്‍ മെഡിസിന്‍ പഠനത്തിന് ശ്രമിക്കാന്‍ ഉപദേശിച്ചു. അത് വിജയത്തിലെത്തി- കരീം അഭിമാനിക്കുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മകന്‍ പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയത്. ആദ്യതവണ 622 മാര്‍ക്ക് വാങ്ങിയപ്പോള്‍ തന്നെ ഒന്നുകൂടി പരിശ്രമിച്ചാല്‍ എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുമെന്ന് തനിക്ക് തോന്നി. ഒന്നുകൂടി ശ്രമിക്കാന്‍ താന്‍ പറഞ്ഞു. അങ്ങനെയാണ് കോഴിക്കോട്ടെ ഡോപ അക്കാദമിയില്‍ ചേര്‍ന്നത്.
കുടുംബത്തില്‍ ഡോക്ടര്‍മാരുടെ പാരമ്പര്യമൊന്നുമില്ല, തികച്ചും സാധാരണകുടുംബമാണ് തന്റേത്. മകന്റെ കഠിനാധ്വാനവും പരിശീലനം നല്‍കിയ ഡോപ അക്കാദമിയിലെ അധ്യാപകരുടെ മികവുമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്നും കരീം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച യുവ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് ഡോപ. അധ്യാപകരില്‍ മിക്കവരും ഡോക്ടര്‍മാരായതും വലിയ തുണയായെന്ന് കരീമും റിഷാദും പറഞ്ഞു. സ്ഥാപനം ആരംഭിച്ച് നാലാം വര്‍ഷം തന്നെ ആറാം റാങ്ക് നേടിക്കൊടുത്ത് ഡോപക്കും റിഷാദ് അഭിമാനമായി.
റിഷാദിനെക്കൂടാതെ രണ്ടു മക്കള്‍ കൂടിയുണ്ട് കരീമിനും പത്‌നി ജംഷീറക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ജാഷിലും റിന്‍ഷ ജബീനും. കുടുംബത്തിലെ ആദ്യ ഡോക്ടറാകാന്‍ ഒരുങ്ങുന്ന ഇക്കാക്ക രണ്ടു പേര്‍ക്കും വലിയ പ്രചോദനമായിട്ടുണ്ടെന്ന് കരീം പറഞ്ഞു.