പാലക്കാട്: അമ്മയുടെ കൺമുന്നിൽ സ്‌കൂൾ ബസിടിച്ചു ആറ് വയസ്സുകാരന് ദാരുണാന്ത്യം. പട്ടാമ്പി പൂലശ്ശേരിക്കര സ്വദേശി കമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. വാഹനത്തിൽ നിന്നും വീടിന് മുന്നിലിറങ്ങിയ ആരവ് അമ്മയുടെ കൈയിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ ബസ് ആരവിനെ ഇടിക്കുകയുമായിരുന്നു.
പരിക്ക് പറ്റിയ ആരവിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. വാടാനാംകുറുശ്ശി സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാർഥിയായിരുന്നു.