ന്യൂ ഡൽഹി : ജൂൺ 12 ന് നടന്ന എയർ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ അതൃപ്തിയുമായി ഇന്ത്യൻ പൈലറ്റുമാരുടെ ഫെഡറേഷൻ (എഫ്‌ഐപി). പൈലറ്റ് പ്രതിനിധികളെ അന്വേഷണത്തിൽ ഉൾപെടുത്തിയില്ലെന്നു ആരോപിച്ച ഫെഡറേഷൻ, പൈലറ്റിനെതിരെ കുറ്റം ചുമത്തുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സമഗ്രവും സുതാര്യവും ഡാറ്റാധിഷ്ഠിതവുമായ അന്വേഷണം നടത്താതെ കുറ്റം ചുമത്തുന്നത് നിരുത്തരവാദപരമാണ്. പുറത്ത് വന്ന റിപ്പോർട്ടുകൾ ഉയർന്ന പരിശീലനം ലഭിച്ച ക്രൂ അംഗങ്ങളുടെ പ്രൊഫഷണലിസത്തെ ദുർബലപ്പെടുത്തുകയും അവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും അനാവശ്യമായ ദുരിതം ഉണ്ടാക്കുകയും ചെയ്യുന്നു. എഫ്‌ഐപി പ്രസ്താവനയിൽ പറഞ്ഞു.
അഹമ്മദാബാദിൽ തകർന്നുവീണ AI171 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പറന്നുയർന്നതിന് നിമിഷങ്ങൾക്കുള്ളിൽ ‘കട്ട് ഓഫ് ‘ ലേക്ക് മാറ്റിയതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. കോക്ക്പിറ്റിൽ രണ്ട് പൈലറ്റുമാരായ സുമീത് സബർവാളും ക്ലൈവ് കുന്ദറും തമ്മിലുള്ള സംഭാഷണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
അപകടത്തിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് അന്വേഷണ റിപ്പോർട്ട് ആക്കം കൂട്ടി. പൈലറ്റിന്റെ പേരിൽ പിശക് ചുമത്താൻ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗുകളെയാണ് റിപ്പോർട്ട് ആശ്രയിക്കുന്നത്. അന്വേഷണത്തിലെ വിവിധ കണ്ടെത്തുലുകളെ എഫ്‌ഐപി പ്രസ്താവന എതിർത്തു. ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധം അന്വേഷണ റിപ്പോർട്ട് ചുരുക്കി എന്നും പ്രസ്‌താവനയിൽ ആരോപണമുണ്ട്.