ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കർണാടക മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്.
രാഹുൽ ഗാന്ധി കാണിച്ചത് പോളിംഗ് ഓഫീസറുടെ രേഖയല്ലെന്നും എന്ത് രേഖയാണ് അദ്ദേഹം കാണിച്ചതെന്നും കമ്മീഷണർ ചോദിച്ചു. സത്യവാങ് മൂലത്തോടൊപ്പം ഈ രേഖകൾ കൈമാറണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു.
ശകുൻ റാണി രണ്ടുതവണ വോട്ട് ചെയ്‌തതിന് തെളിവെന്താണെന്നും കമ്മീഷൻ ചോദിച്ചു. അന്വേഷണം നടത്തിയപ്പോൾ ഒരു തവണ മാത്രമാണ് വോട്ട് ചെയ്‌തതെന്ന് ശകുൻ റാണി അറിയിച്ചതായും കമീഷൻ പറഞ്ഞു. അതിനാൽ ആരോപണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ രാഹുൽ ഗാന്ധി ഹാജരാക്കണമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചിട്ട് മൂന്ന് ദിവസമായിട്ടും തെരെഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലായിരുന്നു. വിഷയത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻറെ മൗനത്തിനെതിരെയും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.