ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ അട്ടിമറി നടത്തി എന്നാരോപിച്ചു പ്രതിഷോധ മാർച്ച് നടത്തുന്ന പ്രതിപക്ഷ നേതാക്കളെ ഡൽഹിയിൽ പോലീസ് അറസ്റ്റു ചെയ്‌തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് എന്നിവരുൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ എംപിമാരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.
രാഹുൽ ഗാന്ധിയെയും സഹപ്രവർത്തകരെയും ബസിൽ കൊണ്ടുപോകുമ്പോൾ, ഈ പോരാട്ടം രാഷ്ട്രീയമല്ല. ഭരണഘടനയെ രക്ഷിക്കാനാണ്. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനുവേണ്ടിയാണ് പോരാട്ടം എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു .
ഡൽഹി പോലീസ് ജോയിന്റ് കമ്മീഷണർ ദീപക് പുരോഹിത് തടങ്കൽ സ്ഥിരീകരിച്ചു, എന്നാൽ എത്ര നേതാക്കളെ അറസ്റ്റു ചെയ്തു എന്നോ അവരുടെ പേരുകൾ നൽകാനോ അദ്ദേഹം തയ്യാറായില്ല, “തടങ്കലിൽ വച്ചിരിക്കുന്ന ഇന്ത്യാ ബ്ലോക്ക് നേതാക്കളെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി എന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷത്തിന് പ്രതിഷേധത്തിന് പോലീസ് അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.