മുംബൈ: ഡൽഹിയിൽ നിന്നും വാഷിങ്ടൺ ഡിസിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നതായി എയർ ഇന്ത്യ. 2025 സെപ്റ്റംബർ ഒന്നുമുതലായിരിക്കും സർവീസുകൾ നിർത്തലാക്കുക. വിമാനങ്ങളുടെ ലഭ്യതക്കുറവും പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടതുമാണ് സർവീസ് നിർത്തിവെക്കാൻ കാരണം.
ബോയിംഗ് 787-8 വിമാനങ്ങളുടെ നവീകരണ പ്രവർത്തങ്ങൾ കഴിഞ്ഞ മാസം എയർ ഇന്ത്യ ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ സേവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് തുടങ്ങിയ നവീകരണ പ്രവർത്തനം 2026 അവസാനം വരെ തുടരും. ഇതുകാരണം ഒന്നിലധികം വിമാനങ്ങൾ ഒരേസമയം സർവീസിനായി ലഭ്യമാകില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടത് കാരണം വിമാനങ്ങൾക്ക് ദൈർഘ്യമേറിയ റൂട്ടുകളിലൂടെ സഞ്ചരിക്കുന്നത് കൊണ്ട് പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഈ കാരണങ്ങൾ മുൻനിർത്തിയാണ് എയർ ഇന്ത്യ ഡൽഹി വാഷിങ്ടൺ ഡി സി സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.
സെപ്റ്റംബർ ഒന്നിനുശേഷം ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരെ എയർഇന്ത്യ ബന്ധപ്പെടുകയും മറ്റു വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കുകയോ ടിക്കറ്റ് തുക പൂർണമായും തിരിച്ചു നൽകുകയോ ചെയ്യും. കൂടാതെ, എയർഇന്ത്യ യാത്രക്കാർക്ക് അലാസ്‌ക എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നിവ വഴി ന്യൂയോക്ക്, നവാർക്ക്, ചിക്കാഗോ, സാൻ ഫ്രാൻസിസ്‌കോ എന്നീ നഗരങ്ങൾ വഴി വാഷിങ്ടൺ ഡിസിയിലേക്ക് യാത്ര ചെയ്യനുള്ള സൗകര്യവും ലഭ്യമാണ്. ഇന്ത്യയിൽ നിന്നും വടക്കേ അമേരിക്കയിലുള്ള ആറ് നഗരങ്ങളിലേക്ക് എയർ ഇന്ത്യ നോണ്സ്റ്റോപ് സർവീസുകൾ തുടരും.