ന്യൂഡൽഹി: പരേതാത്മാക്കൾക്കൊപ്പം ചായ കുടിക്കാൻ അവസരം നൽകിയ ഇലക്ഷൻ കമ്മീഷന് നന്ദി അറിയിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മരണപെട്ടവരെന്ന് പറഞ്ഞ് ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്നും നിരവധി പേരെ ഇലക്ഷൻ കമ്മീഷൻ നീക്കം ചെയ്‌തിരുന്നു. ഇത്തരത്തിൽ നീക്കം ചെയ്‌തവരോടൊപ്പം ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പങ്കു വെച്ചായിരുന്നു രാഹുൽ ഗാന്ധി തെരെഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ചത്.
ബീഹാറിലെ വിവിധ മണ്ഡലങ്ങളിലുള്ളവരാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് എത്തിയത്. കൂടികാഴ്‌ചയുടെ ദൃശ്യങ്ങളും രാഹുൽ ഗാന്ധി ഔദ്യോഗിക എക്‌സ് ഹാന്ഡിലിൽ പങ്കുവെച്ചു.
“ജീവിതത്തിൽ മനോഹരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മരിച്ചവർക്കൊപ്പം ചായ കുടിക്കാൻ അവസരം ഉണ്ടായിട്ടില്ല.അതിന് അവസരം നൽകിയ തെരെഞ്ഞെടുപ്പ് കമ്മീഷന് നന്ദി”. രാഹുൽ എക്‌സിൽ കുറിച്ചു.