കോഴിക്കോട്: കൊയിലാണ്ടി തോരായിക്കടവിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ബീം തകർന്നു വീണു. കൊയിലാണ്ടി-ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായിക്കടവ് പാലം.ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. പുഴയ്‌ക്കിടെ മധ്യത്തിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. കോൺഗ്രീറ്റ് ചെയ്യുന്നതിനിടയിൽ ബീം തകർന്നു വീഴുകയായിരുന്നു. പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണചുമതല. ഒന്നര വർഷം മുൻപാണ് നിർമ്മാണം ആരംഭിച്ചത്.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പാലം തകർന്നതിന്റെ കാരണം അന്വേഷിച്ചു കരാർ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു. കിഫ്‌ബി ധനസഹായത്തോടെ 24 കോടിയോളം രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പാലത്തിൻറെ നിർമ്മാണ ചുമതല മലപ്പുറം ആസ്ഥാനമായുള്ള പിഎംആർ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. രണ്ട് വർഷം മുമ്പാണ് മന്ത്രി റിയാസ് പാലത്തിൻറെ പണി ആരംഭച്ചത്.