ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്രക്ക് നാളെ തുടക്കം. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം, വോട്ടർ പട്ടികയിലെ ക്രമക്കേട് എന്നിവയുൾപ്പടയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധിയുടെ യാത്ര. വോട്ട് മോഷണത്തിനെതിരെയുള്ള പോരാട്ടത്തിന് ബീഹാറിൽ നിന്ന് തന്നെ തുടക്കം കുറിക്കുകയാണ് രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പം പങ്കെടുക്കും ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും യാത്രയിൽ പങ്കെടുക്കുന്നതാണ്. ബീഹാറിലെ സാസാറാമിൽ നിന്നും ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെ കടന്നു പോകും. 30 ന് അറയിൽ ആണ് യാത്ര സമാപിക്കുക
സെപ്റ്റംബർ ഒന്നാം തിയ്യതി പട്‌നയിൽ മെഗാ വോട്ടർ റാലിയും സംഘടിപ്പിക്കുന്നതാണ്. തൊഴിലാളികളും കർഷകരും യുവാക്കളും ഉൾപ്പടെ രാജ്യത്തെ എല്ലാ ജനങ്ങളോടും റാലിയുടെ ഭാഗമാവാൻ രാഹുൽ ഗാന്ധി അഭ്യർഥിച്ചിട്ടുണ്ട്. ബീഹാറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര.
രാഹുൽ ഗാന്ധിയുടെ യാത്ര ഇന്ത്യാസഖ്യത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി തവണ ബീഹാറിൽ പ്രചാരണം നടത്തിയ നരേന്ദ്ര മോഡിയുടെ നീക്കത്തെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ യാത്രക്ക് സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ