ന്യൂഡൽഹി: ഡൽഹിയിലെ ദരിയാഗഞ്ചിലെ സദ്ഭാവന പാർക്കിന് സമീപമുള്ള മൂന്ന് നില കെട്ടിടം തകർന്ന് വീണ് മൂന്നു പേർ മരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു ദാരുണ സംഭവം. അപകടത്തിൽ ബിൽഡിങ്ങിൽന അടിയിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം നടന്നയുടൻ നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദൽഹി ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പടെയുള്ള അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വസ്തുക്കൾ പരിശോധിച്ച ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണവും നാശനഷ്ടങ്ങളുട വ്യാപ്തിയും ഇതുവരെ വ്യക്തമല്ല, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഒരു മാസം മുമ്പ് വെൽക്കം ഏരിയയിൽ അനധികൃതമായി നിർമിച്ച ഒരു കെട്ടിടം തകർന്നു വീണ് ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ടിരുന്നു. എട്ട് പേർക്ക് അന്നത്തെ അപകടത്തിൽ പരിക്ക് പറ്റുകയും ചെയ്‌തു. ഏകദേശം 40 വർഷം പഴക്കമുള്ള കെട്ടിടം അഞ്ചു വർഷം മുമ്പാണ് നവീകരിച്ചത്.