റിയാദ്: തലസ്ഥാന നഗരത്തിലെ സ്‌കൂളുകളിൽ നിന്നും പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് നിരവധി പ്രവാസികൾ അറസ്‌റ്റിൽ. റിയാദിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്‌തത്. മോഷ്ടിച്ച കേബിളുകൾ അനധികൃത വെയർഹൗസുകളിലും യാർഡുകളിലും സൂക്ഷിച്ചിരുന്നതായും റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി വീണ്ടും വിൽക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി.
ആവശ്യമായ നിയമനടപടി സ്വീകരിച്ച ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പബ്ലിക് സെക്യൂരിറ്റി വിഭാഗം സോഷ്യൽ മീഡിയ വഴി അറിയിച്ചു. മധ്യവേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെയാണ് സ്‌കൂൾ കെട്ടിടങ്ങളിൽ നിന്നും വ്യാപകമായി ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.
മോഷണത്തെ തുടർന്ന് കേടുപാട് സംഭവിച്ച സ്‌കൂളുകളിലെ നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി റിമോട്ട് ലേണിംഗിലേക്ക് മാറ്റുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തലസ്ഥാന നഗരത്തിലെ ഏകദേശം 51 സ്കൂളുകളിലാണ് ഇത്തരം അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
ഈ സ്കൂളുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ റിമോട്ട് ലേണിംഗ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകൾ പൂർണ്ണമായും നന്നാക്കി ക്ലാസ് മുറികൾ വീണ്ടും തുറക്കുന്നതുവരെ റിമോട്ട് ലേണിംഗിലേക്ക് മാറാനുള്ള തീരുമാനം വിദ്യാർഥികളുടെ രക്ഷിതാക്കളെയും സ്‌കൂൾ അധികൃതരെയും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അറിയിപ്പുകൾ ലഭിച്ചു.